
തിരുവനന്തപുരം : പുന്നപ്ര ചള്ളിക്കടപ്പുറത്തെ ചെമ്മീന്‍ ഫാക്ടറി അരൂരിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. ഫാക്ടറിമൂലം പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ തദ്ദേശവാസികള്‍ ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരുന്ന സാഹചര്യത്തില്‍ ഫാക്ടറി ഉടമകളും നാട്ടുകാരുടെ പ്രതിനിധികളും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ദ്ദേശമുണ്ടായത്. അരൂരില്‍ സ്ഥലം നല്‍കാമെന്ന കളക്ടറുടെ ഉറപ്പിനെതുടര്‍ന്നാണ് എ.എസ്.ട്രേഡിങ് കമ്പനി അരൂരിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ചാകരപ്രദേശമായ ഇവിടേക്ക് ഫാക്ടറിയില്‍നിന്നും ഒഴുക്കിവിടുന്ന ഹൈഡ്രോക്ളോറിക് ആസിഡ് മത്സ്യസമ്പത്തിനേയും അതുവഴി മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗത്തേയും തകര്‍ക്കുന്നതായി നാട്ടുകാര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ചാകര മുടങ്ങിയതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. നല്ലൊരു തുക നിക്ഷേപം നടത്തിയിട്ടുള്ളതിനാല്‍ ഫാക്ടറി അടച്ചുപൂട്ടുന്നത് പ്രായോഗികമല്ലെന്നായിരുന്നു ഫാക്ടറി ഉടമകള്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമ്പോള്‍ ഫാക്ടറി അവിടെത്തന്നെ പ്രവര്‍ത്തിപ്പിക്കുന്നത് ഹിതകരമല്ലെന്നും കമ്പനിക്ക് അരൂരില്‍ രണ്ടുയൂണിറ്റുകള്‍ നിലവിലുള്ളതുകൊണ്ട് പുന്നപ്രയിലെ യൂണിറ്റ് അങ്ങോട്ട് മാറ്റുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Discussion about this post