ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷന് ദൗത്യത്തിന് ഇന്ത്യയില്‍ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന് കുത്തിവയ്പ്പിനു തുടക്കം കുറിച്ചു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാക്സിന് എപ്പോള്‍ എത്തുമെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്ത് വാക്സിന് എത്തിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ദൗത്യമാണ് തുടങ്ങുന്നത്. രണ്ട് ഇന്ത്യന്‍ നിര്‍മിത വാക്സിനും തയാറായിരിക്കുന്നു. വാക്സിനേഷന് ചിലവ് കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടം ജനങ്ങള്‍ തുടരണം. മാസ്ക് ഉപേക്ഷിക്കരുത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് പ്രതിരോധശേഷി കൈവരുന്നത്. രണ്ടാംഘട്ട വാക്സിന് 30 കോടി പേര്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിന് ഇന്ത്യ മാതൃകയാണ്. ലോകത്ത് ഇതുവരെ വാക്സിനേഷന് നല്‍കിയത് മൂന്നു കോടി പേര്‍ക്ക്. രാജ്യം ആദ്യ ഘട്ടത്തില്‍ തന്നെ മൂന്നു കോടി പേര്‍ക്ക് നല്കുന്നു. ഇന്ത്യയിലെ വാക്സിന് മറ്റു വാക്സിനുകളെക്കാള്‍ ലളിതമാണ്. ഇന്ത്യയുടെ വാക്സിന് ലോകത്തിന് വിശ്വാസം. നമ്മുടെ വാക്സിന് ലോകത്തെ മറ്റു വാക്സിനുകളെക്കാള്‍ വിലക്കുറവാണെന്നും പ്രധാനമന്ത്രി വിശദമാക്കി.
വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. വാക്സിനുകള്‍ക്കെതിരായ പ്രചാരണങ്ങള്‍ ജനം വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അനുമതി നല്‍കിയിരിക്കുന്നത്.
Discussion about this post