ബാംഗ്ലൂര്‍: യുഎന്‍ രക്ഷാ സമിതിയില്‍ സ്‌ഥിരാംഗത്വത്തിനുള്ള ഇന്ത്യന്‍ ശ്രമത്തിനു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വളരുന്നസാമ്പത്തിക ശക്‌തിയെന്നതുകൊണ്ടു മാത്രമല്ല, മറിച്ച് ഉത്തരവാദപ്പെട്ട ആഗോളശക്‌തിയെന്ന നിലയിലാണ് ഇന്ത്യയ്‌ക്കു സ്‌ഥിരാംഗത്വത്തിന് അര്‍ഹതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാജ്യമെന്ന മേനി നടിക്കുകയും തീവ്രവാദം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് ഏതു രാജ്യമായാലും അംഗീകരിക്കാനാകില്ലെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നുഴഞ്ഞു കയറ്റവും തീവ്രവാദികളെ കയറ്റുമതി ചെയ്യലും പ്രോല്‍സാഹിപ്പിക്കരുത്. പാക്കിസ്‌ഥാനെ മികച്ചതും കരുത്തുറ്റതും സ്‌ഥിരതയുള്ളതുമായ ജനാധിപത്യരാജ്യമായി കാണാനാണ് രാജ്യാന്തര സമൂഹം ആഗ്രഹിക്കുന്നതെന്നും കാമറണ്‍ പറഞ്ഞു. കാലാവസ്‌ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സഹകരണമുണ്ടാകണം.
ഇന്ത്യയുടെ റീട്ടെയില്‍ വിപണനം- മൊബൈല്‍ ഫോണ്‍ രംഗത്തെ വളര്‍ച്ചയും ബ്രിട്ടീഷ് സ്‌ഥാപനങ്ങള്‍ക്ക് ഏറെ സാധ്യത തരുന്നു. അടിസ്‌ഥാന സൗകര്യ വികസന രംഗത്ത് 50,000 കോടി ഡോളര്‍ (ഏകദേശം 23 ലക്ഷം കോടി) മുതല്‍മുടക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെയും ബ്രിട്ടന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, പ്രതിരോധം, നിയമ സേവനം തുടങ്ങിയ മേഖലകളിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനും അതില്‍നിന്നു പരമാവധി നേട്ടം കൊയ്യാനും ശ്രമിക്കും. ഇതില്‍നിന്ന് ഇന്ത്യയ്‌ക്കും തുല്യനേട്ടമുണ്ടാകും. പണവും സമയവും ലാഭിക്കാന്‍ കസ്‌റ്റംസ് നൂലാമാലകള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Discussion about this post