ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ നിറവില്‍. റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹിയില്‍ വര്‍ണാഭമായ തുടക്കം. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ രാജ്പഥിലെത്തി രാഷ്ട്രപതി സൈനിക പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ദേശീയ യുദ്ധ സ്മാരകത്തില്‍ രാവിലെ ഒമ്പതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ച് ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. രാവിലെ പത്തോടെ പരേഡ് ആരംഭിച്ചു. റിപ്പബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി ചേര്‍ന്നു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്.
ലെഫ്‌നന്റ് കേണല്‍ അബു മുഹമ്മദ് ഷഹനൂര്‍ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമാകുന്നത്. പരേഡില്‍ ആകെ 32 നിശ്ചലദൃശ്യങ്ങള്‍. കേരളത്തിന്റെ കയര്‍ ദൃശ്യം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കും.
ആകെ 25,000 പേര്‍ക്ക് മാത്രമാണ് പരേഡ് കാണാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വിജയ്ചൗക്കില്‍ നിന്നും ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ വരെയാണ് പരേഡ് നടക്കുക. കര്‍ഷക പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരി.
Discussion about this post