ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. സിംഗു അതിര്‍ത്തിയില്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പഞ്ചാബിന്റെ നേതൃത്വത്തിലാണ് റാലി.
രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും റാലി നടത്താനായിരുന്നു അനുമതി. എന്നാല്‍ നിശ്ചയിച്ചിരുന്ന സമയത്തെക്കാള്‍ കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സിംഗുവില്‍ ഒരു വിഭാഗം കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ കൊണ്ട് ഇടിച്ചുനീക്കി. പോലീസ് നിര്‍ത്തിയിട്ട ട്രക്കുകള്‍ കര്‍ഷകര്‍ നീക്കുകയും ചെയ്തു.
രാജ്യചരിത്രത്തില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. റാലിയില്‍ ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കര്‍ഷക സംഘടനകള്‍ അവകാശപ്പെടുന്നത്. പഞ്ചാബില്‍ നിന്ന് കുതിരപ്പടയടക്കം റാലിയില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുന്നത്.
കര്‍ഷക പരേഡിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പോലീസും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
Discussion about this post