കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കര്‍ശനമാക്കി പോലീസ്. 10 വയസില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവരുന്നതില്‍ വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് കുട്ടികളെ കൊണ്ടു വരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 200 രൂപ പിഴയീടാക്കുകയും ചെയ്യും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വിലക്കുണ്ട്. വരുന്ന രണ്ടാഴ്ചകൊണ്ട് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
പൊതുസ്ഥലങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍, ചികിത്സാ ആവശ്യങ്ങള്‍ക്ക് കുട്ടികളെയും കൊണ്ടു വരുന്നതില്‍ തടസമില്ല. ആളുകള്‍ എത്താന്‍ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിനായി ഫെബ്രുവരി പത്ത് വരെ പോലീസ് പരിശോധന കര്‍ശനമാക്കും. ഇതിനായി 25,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രാത്രി യാത്രകള്‍ക്കും നിയന്ത്രണമുണ്ട്. രാത്രി പത്ത് മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുത്. സംസ്ഥാനത്ത് പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈക്കൊള്ളും.
Discussion about this post