തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ സമയം അടുത്തിട്ടും ആദ്യഘട്ടം അവസാനിക്കാത്ത സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്സിനേഷന് കേന്ദ്രത്തില്‍ എത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ചിലര്‍ നിശ്ചയിച്ചിട്ടുള്ള ദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നുവെന്നും നിശ്ചിത ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ വിവരം വാക്സിനേഷന് കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. രണ്ടാംഘട്ട വാക്സിനേഷന് ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും വാക്സിന് എടുക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post