ഡെറാഡൂണ്‍/ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നന്ദാദേവി ഗ്ലേസിയറിന്റെ(മഞ്ഞുമല) ഒരു ഭാഗം ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ 150 പേര്‍ മരിച്ചതായി സംശയിക്കുന്നു. തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 100 തൊഴിലാളികള്‍ ബാരേജിലും 50 പേര്‍ ടണലിലുമായിരുന്നു ജോലി ചെയ്തിരുന്നത്. പത്തു മൃതദേഹങ്ങള്‍ കണ്ടെടുത്തു. തപോവന്‍-വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ടണലില്‍ അകപ്പെട്ട16 തൊഴിലാളികളെ ഐടിബിപി, എസ്ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി.
ദുരന്തമുണ്ടായ ഉടന്‍ ഐടിബിപി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കര-വ്യോമ സേനകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. കരസേനയുടെ മെഡിക്കല്‍, എന്‍ജിനിയറിംഗ് വിഭാഗവും ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ജോഷിമഠില്‍ ഇന്നലെ രാവിലെയാണു മഞ്ഞുമല ഇടിഞ്ഞുവീണത്. തുടര്‍ന്ന് ധൗലി ഗംഗ, ഋഷിഗംഗ, അളകനന്ദ നദികളില്‍ ശക്തമായ വെള്ളപ്പാച്ചിലുണ്ടായി.
ഗംഗാ നദിയുടെ പോഷകനദികളാണിവ. മഞ്ഞുമലയിടിഞ്ഞതിനെത്തുടര്‍ന്ന് ധൗലി ഗംഗ നദിയില്‍ ജോഷിമഠ് ഭാഗത്ത് ഇന്നലെ രാവിലെ പതിനൊന്നിന് ജലനിരപ്പ് 1388 അടിയായി ഉയര്‍ന്നു. ഇതു റിക്കാര്‍ഡാണ്. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ ജോഷിമഠില്‍ ജലനിരപ്പ് 1385.54 അടിയായി ഉയര്‍ന്നിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെ ധൗലി ഗംഗയില്‍ ജലനിരപ്പ് സാധാരണനിലയിലായി. വെള്ളപ്പാച്ചിലില്‍ ഋഷിഗംഗ ജലവൈദ്യുത പദ്ധതി തകര്‍ന്നു. 13.2 മെഗാ വാട്ടിന്റെ ചെറു ജലവൈദ്യുത പദ്ധതിയാണിത്. ധൗലി ഗംഗ നദിയില്‍ എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും വെള്ളപ്പാച്ചിലില്‍ നാശനഷ്ടമുണ്ടായി.
ജനവാസസ്ഥലങ്ങളിലെല്ലാം വെള്ളപ്പൊക്കം കൊടിയ നാശം വിതച്ചു. നൂറുകണക്കിനു നാട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. സമീപ ജില്ലകളായ പൗരി, തെഹ്രി, രുദ്രപ്രയാഗ്, ഹരിദ്വാര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിവരികയാണ്.
മുന്പുണ്ടായ പ്രളയത്തിന്റെ വീഡിയോ വഴി അഭ്യൂഹങ്ങള്‍ പരത്തരുതെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ജനങ്ങളോടാവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിലയിരുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ധനസഹായം പ്രഖ്യാപിച്ചു. ആസാം, ബംഗാള്‍ സന്ദര്‍ശനത്തിലാണു പ്രധാനമന്ത്രി.
Discussion about this post