തിരുവനന്തപുരം: ആരോപണ വിധേയനായി സസ്‌പെന്‍ഷനിലുള്ള ഐജി ടോമിന്‍ തച്ചങ്കരി ഖത്തറില്‍ തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം സംബന്ധിച്ചു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി.
തച്ചങ്കരിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്നും അതീവ ഗുരുതരമായ ഈ നടപടികളെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്‌ഥാന സര്‍ക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയിലാണ് വിഷയം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു കേരളം ആവശ്യപ്പെട്ടത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കേസായതിനാല്‍ സംസ്‌ഥാന സര്‍ക്കാരിന് അന്വേഷിക്കുന്നതിനു പരിമിതികളുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തടിയന്റവിട നസീറിന്റെ കൂട്ടാളികളെ അന്വേഷിച്ച് ഐജി ടോമിന്‍ തച്ചങ്കരി ഖത്തര്‍ സന്ദര്‍ശിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖ്യ ആരോപണം. തടിയന്റവിട നസീറിന്റെ സഹായികള്‍ക്കു കേരളത്തിലേക്ക് വരുന്നതിനുള്ള സഹായം ടോമിന്‍ തച്ചങ്കരി വാഗ്‌ദാനം ചെയ്‌തെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം സംസ്‌ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. സന്ദര്‍ശനത്തിന് കേന്ദ്ര അനുമതിയുണ്ടോ എന്നു ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ചോദിച്ചപ്പോള്‍ എല്ലായ്‌പോഴും അനുമതി തേടുന്നത് എളുപ്പമല്ല എന്ന് തച്ചങ്കരി മറുപടി നല്‍കിയെന്നും കത്തില്‍ പറയുന്നു.
Discussion about this post