കൊച്ചി: രാജ്യാന്തര യാത്രകള്‍ മുടങ്ങിയത് പ്രാദേശിക ടൂറിസത്തിനുള്ള അവസരമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് മഹാമാരി ശക്തമായതോടെ പലരും രാജ്യാന്തര യാത്ര അവസാനിപ്പിച്ചു. അതോടെ പ്രാദേശിക ടൂറിസത്തിനാണ് അവസരം ലഭിച്ചത്. ഇതൊരു വലിയ സാധ്യതയായി കാണണം. പ്രാദേശികമായുള്ള ടൂറിസം ഓരോ മേഖലയെയും ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നത്. വിദേശനാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്കു ജോലി ലഭിക്കുന്നതിലും പദ്ധതികള്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.
അറബിക്കടലിന്റെ റാണിയായ കൊച്ചി എല്ലായിപ്പോഴും അദ്ഭുതമാണ്. കൊച്ചിക്കാര്‍ സമയത്തിന്റെ വിലയറിയുന്നവരാണ്. പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാന്യവും അറിയുന്നവരാണ്. കരയിലൂടെ 30 കിലോമീറ്റര്‍ യാത്രയ്ക്കു പകരം ഇനി കായലിലൂടെ മൂന്നര കിലോമീറ്റര്‍ യാത്ര മതി. അതോടെ സൗകര്യം, വ്യാപാരം, പ്രവര്‍ത്തനക്ഷതമത എന്നിവ കൂടും. തിരക്ക്, മലിനീകരണം, ചെലവ് എന്നിവ കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശികമായുള്ള ടൂറിസം ഓരോ മേഖലയെയും ശക്തമാക്കും. യുവത്വവും സംസ്‌കാരവും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണു സാധിക്കും.ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകളാണ് നമുക്കു ചുറ്റുമുള്ളത്. അവര്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ വിഭാവനം ചെയ്യണം. ചുറ്റുമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ വികസനത്തിനുള്ള സാധ്യത മനസിലാക്കണം. ഇന്ത്യയുടെ ടൂറിസം മേഖല കഴിഞ്ഞ അഞ്ചു വര്‍ഷമായി ശക്തമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മധ്യപൗരസ്ത്യരാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള ഇന്ത്യക്കാരുമായി സമയം ചെലവഴിക്കാനും ഭക്ഷണം പങ്കിടാനും സാധിച്ചു. അവരെ സുരക്ഷിതരായി കൊണ്ടുവരാന്‍ സാധിച്ചു. അതില്‍ വലിയൊരു സംഖ്യ മലയാളികളായിരുന്നു. അവര്‍ക്കായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും മോദി പറഞ്ഞു. മത്സ്യമേഖലയിലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നടപ്പാക്കും. സമുദ്രമേഖലയുടെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ കേന്ദ്രം തയാറാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post