കൊല്ലം: ജടായുമംഗലം ജടായുപാറയില്‍ 1974-ല്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ശ്രീകോദണ്ഡരാമവിഗ്രഹം പ്രാണപ്രതിഷ്ഠ നടത്തിയിരുന്നു. അവിടെ ക്ഷേത്രം നിര്‍മ്മിച്ച് പുനഃപ്രതിഷ്ഠാകര്‍മം ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ 8.15 നും 9.55നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ക്ഷേത്രപരമാചാര്യസ്ഥാനം വഹിച്ചുകൊണ്ട് ക്ഷേത്രം തന്ത്രി സതീശന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാകര്‍മം നടന്നത്.
ശ്രീ കോദണ്ഡരാമന്റെ പ്രതിഷ്ഠ കൂടാതെ ഗണപതി, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ സ്വാമി, ജടായു, സൂര്യദേവന്‍, ഗുരുക്കന്‍മാരായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെയും പ്രതിഷ്ഠയും ഉപദേവതാ സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രതിഷ്ഠാചടങ്ങകളോടനുബന്ധിച്ച് ഗോമാതാ പൂജയും സന്യാസിശ്രേഷ്ഠന്‍മാരെ ആദരിക്കുന്ന ആചാര്യവന്ദനവും നടന്നു. കുമ്മനം രാജശേഖരന്‍ രക്ഷാധികാരിയായും നിരവധി പ്രമുഖര്‍ സാരഥ്യം വഹിക്കുന്ന ശ്രീകോദണ്ഡരാമക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പുനഃപ്രതിഷ്ഠാകര്‍മം നടന്നത്. ചടങ്ങിനോടനുബന്ധിച്ച് തന്ത്രിമുഖ്യനായ കക്കാട് എഴുന്തോലില്‍ മഠം സതീശന്‍ ഭട്ടതിരി രചിച്ച ഗുരോരുപാസന, ദീക്ഷാവിധി തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. നിരവധി സന്യാസിശ്രേഷ്ഠന്‍മാര്‍ സാക്ഷ്യം വഹിച്ച പ്രതിഷ്ഠാചടങ്ങുകള്‍ പൂര്‍ണമായും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടന്നത്.
Discussion about this post