തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരം ഇനി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും എത്രയും പെട്ടെന്നു സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും സര്‍ക്കാരിനോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സമരം മുന്നോട്ടു പോകുന്നതു തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നു വിലയിരുത്തിയ സിപിഎം സെക്രട്ടേറിയറ്റ്, സര്‍ക്കാരിന്റെ നിലപാടും തീരുമാനങ്ങളും ഉദ്യോഗാര്‍ഥികളോടു വിശദീകരിക്കണമെന്നും നിര്‍ദേശം നല്‍കി.
പ്രതിപക്ഷം സമരത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയാണ്. ഇതു ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുമെന്നും ഇക്കാര്യത്തില്‍ ഒരു പിടിവാശിയുടെയും കാര്യമില്ലെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
സമരക്കാരോടു സര്‍ക്കാരിന് ഒരുതരത്തിലും ശത്രുതയില്ലെന്നും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു സമരം ചെയ്യുന്നതിനോടാണു വിയോജിപ്പെന്നും മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വ്യക്തമാക്കി.
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏതു ചര്‍ച്ചയ്ക്കും താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗങ്ങളായിട്ടുള്ള മന്ത്രിമാര്‍ സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമാകുമെന്ന നിലപാടെടുത്തു. മന്ത്രിമാരുടെ ഈ നിലപാടിനെ മുഖ്യമന്ത്രി എതിര്‍ത്തു.
ന്യായമായ സമരങ്ങളോടു സര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മറ്റു വിവാദങ്ങളൊന്നും ഗുണം ചെയ്യുന്നില്ലെന്നു മനസിലാക്കിയ പ്രതിപക്ഷം ഉദ്യോഗാര്‍ഥികളുടെ സമരത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരോട് ഏതു തരത്തിലുള്ള ചര്‍ച്ച വേണമെന്ന കാര്യം സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം സെക്രട്ടേറിയറ്റില്‍ വ്യക്തമാക്കി.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിഎസ്സി വഴി നടത്തിയ നിയമനങ്ങളും സൃഷ്ടിച്ച പുതിയ തസ്തികകളും സംബന്ധിച്ചു വിശദമായ കണക്ക് ചര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്കു നല്‍കണമെന്നു സിപിഎം സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. ഈ കണക്ക് പീന്നീട് പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുവാനും ധാരണയായി.
Discussion about this post