ആലുവ: ശിവരാത്രി നാളില്‍ കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ബലിതര്‍പ്പണത്തിനാണ് അനുമതിയെങ്കിലും ആവശ്യമായ സൗകര്യമൊരുക്കല്‍ ദേവസ്വം ബോര്‍ഡ് നടപടിയാരംഭിച്ചു. മണപ്പുറം കടവ് ഭാഗത്തെ പുല്ലും വള്ളിപ്പടര്‍പ്പുകളുമെല്ലാം കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ചു. ഒരേ സമയം 200 പേര്‍ക്ക് മാത്രം ബലിയിടുന്നതിനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്.
അതിനാല്‍ മണപ്പുറത്തെ പുല്ലും ചെടികളുമെല്ലാം പൂര്‍ണമായി വെട്ടി നീക്കേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. ശിവരാത്രി നാളില്‍ ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും 200 പേര്‍ക്ക് മാത്രമെ ഒരേ സമയം പ്രവേശനം അനുവദിക്കൂവെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അതിനാവശ്യമായ ക്രമീകരണം മാത്രമാണ് ദേവസ്വം ബോര്‍ഡ് ഇക്കുറി ഏര്‍പ്പെടുത്തുന്നത്. മാര്‍ച്ച് 11ന് രാവിലെ മുതലാണ് ബലിതര്‍പ്പണം ആരംഭിക്കുന്നത്. ഈ മാസം 27ന് ആലുവ ബലഭദ്ര ഹാളില്‍ വിളിച്ചിട്ടുള്ള വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. നഗരസഭ, റവന്യു, പൊലീസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
Discussion about this post