
തിരുവനന്തപുരം: ദക്ഷിണായനത്തിലെ ആദ്യ അമാവാസിദിനമായ കര്‍ക്കടകവാവ് പ്രമാണിച്ച് പിതൃക്കളുടെ ആത്മശാന്തിക്കായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. കേരളത്തിലെ പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളിലും അതിരാവിലെ തന്നെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് ബലിതര്‍പ്പണത്തിന് ഏറെ പ്രസിദ്ധമായ തിരുവല്ലം ശ്രീപരശുരാമക്ഷേത്രം, ശംഖുംമുഖം,വര്‍ക്കല പാപനാശം തുടങ്ങിയ കടല്‍ത്തീരങ്ങളിലും കൊച്ചിയില്‍ ആലുവ മണപ്പുറത്തും വയനാട്ടിലെ തിരുനെല്ലിയിലും മറ്റും ആയിരങ്ങളാണ് വാവുബലിക്കായി എത്തിയത്.
തര്‍പ്പണത്തിനെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രഭാരവാഹികളും ദേവസ്വംബോര്‍ഡും ഒരുക്കിയിരുന്നത്. പുലര്‍ച്ചെ മൂന്നിനുതുടങ്ങിയ ചടങ്ങുകള്‍ക്ക് വന്‍തിരക്കാണനുഭവപ്പെട്ടത്. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ പ്രത്യേകസേവനവും എല്ലാബലിക്കടവുകളിലും ഉണ്ടായിരുന്നു.


കൊച്ചിയില്‍ ആലുവ മണപ്പുറത്തെ ശിവക്ഷത്രത്തില്‍ പുലര്‍ച്ചെ മൂന്നരക്ക് പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. പുലര്‍ച്ചെ നാല് മണിക്കാരംഭിച്ച ബലിതര്‍പ്പണചടങ്ങുകള്‍ വൈകിട്ട് വരെ നീളും. ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പിതൃതര്‍പ്പണത്തിന് വന്‍ തിരക്കനുഭവപ്പെട്ടു. മഴമേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പലയിടത്തും ബലിതര്‍പ്പണം.
കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലിതര്‍പ്പണത്തിനായി നിരവധി പേര്‍ രാവിലെ തന്നെ എത്തി. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബലിതര്‍പ്പണത്തിന് എത്തിയത് വേദഗിരി ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ്. നഗരത്തില്‍ നാഗമ്പടം മഹാദേവക്ഷേത്രം കേന്ദ്രീകരിച്ചായിരുന്നു ചടങ്ങുകള്‍. നാഗമ്പടം മണല്‍പ്പുറത്തെ ചടങ്ങുകള്‍ വെളുപ്പിന് തന്നെ ആരംഭിച്ചു.
മാതൃ, പിതൃ വംശ പരമ്പരയില്‍പ്പെട്ടവര്‍, ഗുരുക്കന്‍മാര്‍, ബന്ധുക്കള്‍ തുടങ്ങി മരിച്ചുപോയവരുടെ ആത്മശാന്തിക്കായി ആണ്‍, പെണ്‍ ഭേദമില്ലാതെ ബലിയര്‍പ്പിക്കുന്നത്. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും യോജ്യമായ ദിനമായാണ് കര്‍ക്കടക വാവ് കണക്കാക്കുന്നത്. പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമാണ് ശ്രാദ്ധക്രിയ. മനുഷ്യന്റെ ഒരു കൊല്ലം പിതൃക്കള്‍ക്ക് ഒരു ദിവസമാണെന്നും വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്ന ശ്രാദ്ധകര്‍മം പിതൃക്കള്‍ക്ക് നിത്യേന കിട്ടുന്നതായി അനുഭവപ്പെടുമെന്നും വിശ്വാസമുണ്ട്. സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശ്രാദ്ധകര്‍മങ്ങളെ കൂടുതല്‍ ഫലസിദ്ധിയുള്ളതാക്കുന്നു. ഭാരതപ്പുഴയോരം ബലിതര്‍പ്പണത്തിന് ശ്രേഷ്ഠമാണെന്നാണു വിശ്വാസം. തിരുനാവായയില്‍ ബലിതര്‍പ്പണത്തിന് അന്യസംസ്ഥാനങ്ങളില്‍നിന്നുപോലും വിശ്വാസികളെത്തുന്നുണ്ട്.
Discussion about this post