തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്ത് തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മറവി രോഗം ബാധിച്ചതിനാല്‍ ഒരു വര്‍ഷമായി വിശ്രമത്തിലായിരുന്നു. അധ്യാപകന്‍, പത്രാധിപര്‍ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എഴുത്തച്ഛന്‍ പുരസ്‌കാരവും ഉള്‍പ്പെടെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തര്‍ജനം. സാമ്പ്രദായിക രീതിയില്‍ മുത്തച്ഛനില്‍നിന്ന് സംസ്‌കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്‌കൂള്‍, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്‌കൂളില്‍ കുറച്ചുകാലം ഗണിതശാസ്ത്രം അധ്യാപകനായിരുന്നു. എംഎയ്ക്ക്‌ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായി. കൊല്ലം എസ്എന്‍ കോളജിലും വിവിധ സര്‍ക്കാര്‍ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കുട്ടിക്കാലം മുതല്‍ കവിതകള്‍ സ്വയമുണ്ടാക്കിച്ചൊല്ലുമായിരുന്നു. 1956 ല്‍ എസ്ബി കോളജ് മാഗസിനിലും 1962 ല്‍ വിദ്യാലോകം മാസികയിലും കവിതകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് എഴുത്തില്‍ സജീവമായി. ഭാരതീയ ദര്‍ശനങ്ങളും വൈദിക പാരമ്പര്യവുമായിരുന്നു എഴുത്തിന്റെ അടിസ്ഥാനമെങ്കിലും ആധുനികതകയുടെ ഭാവുകത്വം കവിതയില്‍ സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
യാത്രകളും പ്രിയമായിരുന്ന കവി അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എട്ടുതവണ ഹിമാലയത്തിലേക്കു പോയി. സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകള്‍, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങള്‍, രസക്കുടുക്ക, വൈഷ്ണവം (കവിത), കവിതയുടെ ഡിഎന്‍എ, അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം). ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവര്‍ത്തനം), കുട്ടികളുടെ ഷേക്‌സ്പിയര്‍ (ബാലസാഹിത്യം), പുതുമുദ്രകള്‍, വനപര്‍വം, സ്വതന്ത്ര്യസമരഗീതങ്ങള്‍, ദേശഭക്തി കവിതകള്‍ (സമ്പാദനം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഭൂമിഗീതങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1979), മുഖമെവിടെയ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ് (1983), ഉജ്ജയിനിയിലെ രാപകലുകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1994,) ആശാന്‍ പുരസ്‌കാരം (1996), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരം (2004), മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2010), വള്ളത്തോള്‍ പുരസ്‌കാരം (2010), വയലാര്‍ അവാര്‍ഡ് (2010), ചങ്ങമ്പുഴ പുരസ്‌കാരം (1989) ഉള്ളൂര്‍ അവാര്‍ഡ് (1993), സാഹിത്യകലാനിധി സ്വര്‍ണമുദ്ര, വീണപൂവ് ശതാബ്ദി പുരസ്‌കാരം (2008), എഴുത്തച്ഛന്‍ പുരസ്‌കാരം (2014) തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post