തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേല്‍ശാന്തിയെ പൂജപഠിപ്പിച്ചയാള്‍ തന്നെ അടുത്ത മേല്‍ശാന്തിയായി തെരഞ്ഞെടുത്ത അപൂര്‍വ്വതയും ഇത്തവണത്തെ മേല്‍ശാന്തി തെരഞ്ഞെടുപ്പിനുണ്ട്.
ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ മനക്കല്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ഈ അവസരത്തിനായി നിരവധി വര്‍ഷത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഇത്തവണ 36 പേരില്‍ നിന്നും തന്നെ തെരഞ്ഞെടുത്തത് സുകൃതവും പുണ്യവുമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിയെ പൂജപഠിപ്പിച്ചത് ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ്. അഭിമുഖത്തിനായി ദേവസ്വം ഓഫീസിലെത്തിയപ്പോള്‍ കൊറോണ നിയന്ത്രണം മൂലം ഭഗവാനെ ദര്‍ശിക്കാന്‍ പ്രമോദ് നമ്പൂതിരിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നറുക്കിന്റെ രൂപത്തിലാണ് പ്രമോദ് നമ്പൂതിരിയെ തേടി ഭാഗ്യം എത്തിയത്. നിലവില്‍ ഒറ്റപ്പാലം ചാത്തന്‍കാട് ദേവീ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് ഇദ്ദേഹം.
ഒറ്റപ്പാലം മാര്‍ക്കറ്റിങ് സൊസൈറ്റി സെക്രട്ടറിയായിരുന്ന തിയ്യന്നൂര്‍ ശങ്കരനാരായണ ഉണ്ണ്ി നമ്പൂതിരിയുടെയും ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന എടപ്പാള്‍ കുന്നത്ത്മന ശാന്ത അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ രശ്മി (വരോട് യു.പി.സ്‌കൂള്‍ അധ്യാപിക), മക്കള്‍: ഋഷികേശ്, ഹരികേശ്. ഈമാസം 31ന് രാത്രി ചുമതലയേല്‍ക്കും.
Discussion about this post