തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികയാണു തള്ളിയത്. ഇതിനു പിന്നില്‍ ഒത്തുകളിയുണ്ടെന്ന ആരോപണവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തി. ഇതിനിടെ വരണാധികാരിയുടെ തീരുമാനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു.
പത്രിക തള്ളിയതു രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ടു മറിക്കാനുള്ള ഡീലിന്റെ തെളിവാണ് നാമനിര്‍ദേശ പത്രിക തള്ളിയ സംഭവമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. തലശേരിയില്‍ പത്രിക തള്ളിയത് കോണ്‍ഗ്രസുമായുള്ള ധാരണയുടെ ഭാഗമായാണെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ആരോപിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 22,125 വോട്ട് നേടിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആയിരുന്നു ഇവിടെ സ്ഥാനാര്‍ഥി. ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച അധ്യക്ഷ നിവേദിതയുടെ പത്രികയാണു തള്ളിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25,490 വോട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33,967 വോട്ടും ഇവിടെ ബിജെപി നേടിയിരുന്നു. ദേവികുളത്ത് എന്‍ഡിഎ പിന്തുണച്ചിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെ പത്രികയാണു തള്ളിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച തലശേരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താനിരിക്കെയാണ് മണ്ഡലത്തില്‍ പാര്‍ട്ടിക്കു സ്ഥാനാര്‍ഥിതന്നെ ഇല്ലാതാകുന്നത്. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഈ മൂന്നിടങ്ങളിലൊഴിച്ച് പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളുടെയെല്ലാം പത്രിക സ്വീകരിച്ചു.
നാളെ പത്രിക പിന്‍വലിക്കാനുള്ള സമയം തീരുന്നതോടെ 140 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അവസാനചിത്രം വ്യക്തമാകും.
Discussion about this post