ന്യൂഡല്‍ഹി: ‘മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം’ (പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം), നവാഗത സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറിന്റെ ‘ഹെലന്‍’ എന്നീ ചിത്രങ്ങളിലൂടെ 2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിനു മിന്നും തിളക്കം. മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്ത രാഹുല്‍ റിജി നായരുടെ ‘കള്ളനോട്ടം’ അടക്കം 11 പ്രധാന പുരസ്‌കാരങ്ങള്‍ മലയാള സിനിമയ്ക്കു ലഭിച്ചു. സജിന്‍ ബാബുവിന്റെ ‘ബിരിയാണി’ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം’ കഥാവിഭാഗത്തില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ഈ സിനിമയിലെ സുജിത് സുധാകരനെയും വി. സായിയെയും തേടിയെത്തി.
പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് സ്‌പെഷല്‍ എഫക്ടിനുള്ള പുരസ്‌കാരം. നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരമാണ് ‘ഹെലന്‍’ എന്ന ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യറിനു ലഭിച്ചത്. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ഈ സിനിമയിലെ രഞ്ജിത്തിനു ലഭിച്ചു.
‘ജല്ലിക്കെട്ടി’ന്റെ കാമറാമാന്‍ ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച വരികളുടെ വിഭാഗത്തില്‍ ‘കോളാന്പി’ എന്ന സിനിമയില്‍ ആരോടും പറയുക വയ്യ… എന്ന ഗാനം രചിച്ച പ്രഭാ വര്‍മയെയും തെരഞ്ഞെടുത്തു. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരത്തിന് ‘ഒത്ത സെരിപ്പ് സൈസ്-7’ (തമിഴ്) റസൂല്‍ പൂക്കൂട്ടിയും മികച്ച പണിയ ചിത്രമായി തെരഞ്ഞെടുത്ത ‘കെഞ്ജിര’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മനോജ് കാനയും പുരസ്‌കാരം നേടി.
അതേസമയം, തന്റെ അടുത്ത സഹപ്രവര്‍ത്തകനായ ബിപിന്‍ ദേവ് കൂടി ഈ പുരസ്‌കാരത്തിന് അര്‍ഹനാണെന്നു റസൂല്‍ പൂക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഥേതര വിഭാഗത്തില്‍ സരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത ‘ഒരു പാതിരാ സ്വപ്നം പോലെ’ എന്ന ചിത്രം മികച്ച കുടുംബ മൂല്യമുള്ള വിഭാഗത്തില്‍ തെരഞ്ഞെടുത്തപ്പോള്‍ വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘സ്മാള്‍ സ്‌കെയില്‍ സൊസൈറ്റീസി’ ന് (ഇംഗ്ലീഷ്) പ്രത്യേക ജൂറി പുരസ്‌കാരം കരസ്ഥമാക്കി.
തമിഴ്‌നടന്‍ ധനുഷും (അസുരന്‍) ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയിയും (ബോന്‍സ്ലെ) മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തിനു (മണികര്‍ണിക- ദി ക്യൂന്‍ ഓഫ് ഝാന്‍സി, പങ്ക) ലഭിച്ചു. വിജയ് സേതുപതിയാണ് മികച്ച സഹനടന്‍ (ചിത്രം സൂപ്പര്‍ ഡീലക്‌സ്). സഹനടി- പല്ലവി ജോഷി (ദി താഷ്‌കന്റ് ഫൈല്‍സ്- ഹിന്ദി).
Discussion about this post