ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനനിരക്കില്‍ വന്‍ വര്‍ധന. ഫെബ്രുവരി മുതല്‍ രാജ്യത്തുണ്ടാകുന്ന പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധന കണക്കിലെടുത്താല്‍ രണ്ടാം തരംഗത്തിന്റെ സൂചനയാണു കാണുന്നതെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ 15 മുതല്‍ രണ്ടാം തരംഗമുണ്ടായേക്കുമെന്നും അതു നൂറു ദിവസത്തോളം നീണ്ടു നിന്നേക്കാമെന്നും എസ്ബിഐയുടെ 28 പേജുള്ള റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും വൈറസ് വ്യാപനത്തെ കാര്യമായി തടഞ്ഞുനിര്‍ത്തിയിട്ടില്ല. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ തോത് ഇരട്ടിപ്പിക്കുന്നതുവഴി മാത്രമേ വൈറസിനെ നിയന്ത്രിക്കാനാവുകയുള്ളൂ. ലോക്ക്ഡൗണ്‍ മൂലം വ്യവസായ രംഗത്ത് ഉണ്ടായിരിക്കുന്ന ഇടിവ് അടുത്ത മാസം മുതല്‍ പ്രകടമാകും. പ്രതിദിന വാക്‌സിന്‍ വിതരണം 34 ലക്ഷം എന്നതില്‍നിന്ന് 40-45 ലക്ഷം ആക്കണം. 45 വയസിനു മുകളിലുള്ളവര്‍ക്ക് നാലു മാസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണു രണ്ടു ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഒരുലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 53,476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,17,87,534 ആയി ഉയര്‍ന്നു.
രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതിലുള്ള വാക്‌സിന്‍ കയറ്റുമതിക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള വിവരമനുസരിച്ച് വ്യാഴാഴ്ച മുതല്‍ വാക്‌സിന്‍ കയറ്റുമതി നടത്തുന്നില്ല.
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നാണ് വിശദീകരണം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Discussion about this post