ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്കടക്കം നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ സിജിസിഎ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തുന്നതായി ഡിജിസിഎ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണം. സാമൂഹിക അകലം പാലിക്കണം, മാസ്‌ക് കൃത്യമായാണോ ധരിച്ചിരിക്കുന്നത് എന്നത് ഉറപ്പുവരുത്തണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാനുള്ള സാദ്ധ്യത പരിശോധിക്കണമെന്ന് ഡിജിസിഐ നിര്‍ദ്ദേശിച്ചത്. ഇതിനായി നിയമത്തിന്റെ സാദ്ധ്യത പരിശോധിക്കണം. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പോലീസിന്റെ സഹായം തേടണമെന്നും നിര്‍ദ്ദേശത്തില്‍ ഡിജിസിഎ വ്യക്തമാക്കുന്നു.
മാര്‍ച്ച് 13ന് ഇറക്കിയ സര്‍ക്കുലറില്‍ തുടര്‍ച്ചയായി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പേര് വിവരങ്ങള്‍ കൈമാറാന്‍ ഡിജിസിഎ നിര്‍ദ്ദേശിച്ചിരുന്നു. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്താക്കാവുന്നതാണെന്നും ഡിജിസിഎ വ്യക്തമാക്കിയിരുന്നു.
Discussion about this post