മലപ്പുറം: വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചെലവുചുരുക്കിയോ മറ്റു വഴികളിലൂടെയോ നഷ്ടം നികത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 1300 കോടി രൂപയാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനം തനിയെ നിന്നുപോകാവുന്ന സ്ഥിതിവിശേഷമാണിത്. 2003നുശേഷം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് ഇക്കാലയളവില്‍ വില വര്‍ധിക്കാത്തതായി വൈദ്യുതി മാത്രമേയുള്ളൂ. ആവശ്യമായ വൈദ്യുതിയുടെ 41% മാത്രമേ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുള്ളൂവെങ്കിലും രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നത് ഇവിടെയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താപവൈദ്യുതി വാങ്ങിയതിലെ അധികച്ചെലവ് 183 കോടി രൂപയാണ്. ഈ സാമ്പത്തികബാധ്യത മറികടക്കാന്‍ യൂണിറ്റിന് 25 പൈസ നിരക്കില്‍ ഈടാക്കാനുള്ള നിര്‍ദേശം ക്യാബിനറ്റിന്റെ പരിഗണനയിലാണ്. ഇത് ഈടാക്കാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കേണ്ടിവരുമെന്ന് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ ആര്യാടന്‍ പറഞ്ഞു.
വൈദ്യുതിമോഷണം പിടികൂടുന്നതിന് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ അനര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഹൈദരാബാദിലെ രാമകുണ്ഠത്തുനിന്നോ ഒറീസയില്‍നിന്നോ വൈദ്യുതി വാങ്ങാന്‍ പദ്ധതിയുണ്ട്. കാറ്റില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം 200 മെഗാവാട്ട് ആക്കുന്നതിന് എന്‍ടിപിസിയുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും ഇടുക്കിയിലെ രാമക്കല്‍മേട്ടിലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post