കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ സാധ്യമായ എല്ലാ നടപടികളും തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കണമെന്നു ഹൈക്കോടതി. വോട്ടര്‍പട്ടികയില്‍ ഒന്നിലേറെ തവണ പേരുചേര്‍ത്തവരെ കണ്ടെത്തി ഇവര്‍ ഒരു വോട്ടു മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി വേണം. പോളിംഗ് ബൂത്തില്‍ ഇവരുടെ ഫോട്ടോയെടുക്കണം. ഒരുവോട്ടു മാത്രമേ ചെയ്തിട്ടുള്ളൂവെന്നു സത്യപ്രസ്താവന ഇവരില്‍നിന്ന് എഴുതി വാങ്ങണമെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ വോട്ടര്‍പട്ടികയിലെ വ്യാജവോട്ടുകളും ഇരട്ടവോട്ടുകളും നീക്കം ചെയ്യണമെന്നും കുറ്റക്കാരായവര്‍ക്കെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
ഇരട്ടവോട്ടുള്ളവരുടെ പട്ടിക പരിശോധിച്ച് ഉറപ്പാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതതു ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ നടപടിയെടുത്തിട്ടുണ്ടെന്നു കമ്മീഷന്‍ അറിയിച്ചു.
സംസ്ഥാനത്ത് 3.17 ലക്ഷം ഇരട്ട വോട്ടുകള്‍ പട്ടികയിലുണ്ടെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നെങ്കിലും പരിശോധനയില്‍ 38,856 ഇരട്ട വോട്ടുകള്‍ മാത്രമാണു കണ്ടെത്തിയതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരിച്ചിരുന്നു.
ഇരട്ടവോട്ടര്‍മാരെ കണ്ടെത്താന്‍ സോഫ്റ്റ്വേറില്‍ വോട്ടര്‍മാരുടെ ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാമെന്നു കോടതി പറഞ്ഞു. പ്രശ്ന ബാധിത മേഖലകളിലെ പോളിംഗ് ബൂത്തുകളില്‍ ഉള്‍പ്പെടെ മതിയായ കേന്ദ്ര സംസ്ഥാന സേനകളെ വിന്യസിക്കണം. പോളിംഗ് സ്റ്റേഷനുകളില്‍ എല്ലാ പാര്‍ട്ടികളുടെയും പോളിംഗ് ഏജന്റുമാരുണ്ടെന്ന് ഉറപ്പാക്കണം. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post