പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 50,000 രൂപ പിഴ വിധിക്കുകയും ചെയ്തു. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി നരേന്‍ ദേബ് നാഥി(30)നെയാണ് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് ഫസ്റ്റ് കോടതി (പോക്‌സോ സ്പെഷ്യല്‍ കോടതി)ശിക്ഷിച്ചത്.
പത്തനംതിട്ട ജില്ലയില്‍ ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമമായ പോക്‌സോ ഉള്‍പ്പെട്ട ഒരു കേസില്‍ ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ് 376(3) പ്രകാരം 20 വര്‍ഷവും, 20,000 രൂപ പിഴയും, 376(2)(എന്‍) പ്രകാരം 10 വര്‍ഷവും, 20,000 രൂപ പിഴയും, 450 പ്രകാരം 5 വര്‍ഷവും 10,000 രൂപ പിഴയും ഉള്‍പ്പെടെയാണ് 35 വര്‍ഷം ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാല്‍ മൂന്ന് വകുപ്പുകളിലായി 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴത്തുകയില്‍ 35,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോക്‌സോ 5, 6 വകുപ്പുകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന ശിക്ഷ 10 വര്‍ഷമായിരുന്നു. എന്നാല്‍ 2019 ആഗസ്റ്റില്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ വധശിക്ഷയോ, ശിഷ്ടകാലം മുഴുവന്‍ ജയില്‍ വാസമോ കുറഞ്ഞത് 20 വര്‍ഷമോ ആയി ശിക്ഷ വര്‍ധിപ്പിച്ചിരുന്നു.
കുറ്റകൃത്യം നടന്ന കാലം പരിഗണിച്ച കോടതി, പോക്‌സോ നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ക്കുള്ള ചെറിയ കാലാവധിയേക്കാള്‍ ബലാത്സംഗത്തിലെ വകുപ്പുകളിലെ കൂടിയ ശിക്ഷ പരിഗണിക്കുകയാണുണ്ടായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി കിരണ്‍രാജ് ഹാജരായി. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും കേസ് റിപ്പോര്‍ട്ടായത് ജൂണിലാണ്.
Discussion about this post