തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപി, മേഖല ഐജിമാര്‍, ഡിഐജിമാര്‍ എന്നിവരെക്കൂടാതെ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സബ്ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കുമാണ് അടിയന്തര സന്ദേശം നല്‍കിയത്. മാസ്‌ക് കൃത്യമായി ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് നിര്‍ദേശം. പോലീസിന്റെ കര്‍ശന പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകും. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ്. സാഖറെയെ നിയോഗിച്ചു. പ്രതിദിന കൊവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കൊവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. നടപടിയെടുക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയമിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപകമാക്കും. കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് യോഗങ്ങള്‍ ചേര്‍ന്നു തീരുമാനമെടുക്കും. പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആള്‍ക്കൂട്ടമുണ്ടായ സാഹചര്യത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നു വിവിധ ജില്ലകളില്‍ തീരുമാനമെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പെട്ടവരില്‍ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവര്‍ നിര്‍ബന്ധമായും ടെസ്റ്റ് നടത്തണം.
എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ വീടുകളില്‍നിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയോ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ കാണാന്‍ പോകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാകണം. തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തുകളില്‍ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നു വിവിധ ജില്ലകളില്‍ കളക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 3502 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 60,554 സാമ്പിളുകള്‍ പരിശോധിച്ചു. 1955 പേര്‍ രോഗ മുക്തി നേടി.
Discussion about this post