** തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം
** ബൂത്ത് ഏജന്റുമാരും നിര്‍ബന്ധമായും പരിശോധനയ്ക്കു വിധേയരാകണം
തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത ഒരാഴ്ച കര്‍ശന ജാഗ്രത വേണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആള്‍ക്കൂട്ടമുണ്ടായ സാഹചര്യത്തില്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ ടാസ്‌ക് ഫോഴ്സ് യോഗത്തിലാണു തീരുമാനങ്ങള്‍.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പെട്ടവരില്‍ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവര്‍ നിര്‍ബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവര്‍ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണം. ടെസ്റ്റ് നെഗറ്റിവാണെങ്കില്‍പ്പോലും രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും സ്വയം ഐസൊലേഷനില്‍ കഴിയണം. ഇന്നു (ഏപ്രില്‍ 08) മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ വീടുകളില്‍നിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയോ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ കാണാന്‍ പോകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയരാകണം. തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തുകളില്‍ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും രണ്ടു ദിവസത്തിനം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണമെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കര്‍ശന ജാഗ്രതാ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിനായി ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ തയാറാകണം. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ ബ്രേക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങണം.
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമാക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളോടും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
Discussion about this post