ശ്രീനഗര്‍: തുടര്‍ച്ചയായ പോരാട്ടത്തിലൂടെ ഭീകര സംഘടനയായ അന്‍സര്‍ ഖസ്വത്ത് ഉല്‍- ഹിന്ദിനെ ജമ്മു കശ്മീരില്‍ നിന്നും തുടച്ച് നീക്കി സുരക്ഷാ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ സംഘടനയിലെ അവശേഷിക്കുന്ന ഭീകരരെയും സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ ഷോപിയാന്‍ പുല്‍വാമ എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഇന്നലെ വൈകീട്ടോടെ ഷോപിയാനിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് പുല്‍വാമയിലെ ത്രാലില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര കമാന്‍ഡര്‍ ഇംതിയാസ് ഷായെയും കൂട്ടാളിയെയും വധിച്ചതോടെ സംഘടനയിലെ മുഴുവന്‍ ഭീകരരെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു.
ഇരു മേഖലകളിലെയും ഏറ്റുമുട്ടല്‍ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്.
ഭീകരരുടെ പക്കല്‍ നിന്നും വന്‍ ആയുധ ശേഖരമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.
ആഗോള ഭീകര സംഘടനയായ അല്‍ഖ്വായ്ദയുടെ ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹ സംഘടനയാണ് അന്‍സര്‍ ഖസ്വത്ത് ഉല്‍- ഹിന്ദ്. 2019 ല്‍ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഭീകരന്‍ സാക്കിര്‍ റഷീദ് ഭട്ടായിരുന്നു സംഘടനയ്ക്ക് ആരംഭമിട്ടത്. 2017 മുതലാണ് സംഘനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാന്‍ ആരംഭിച്ചത്. 2018 മുതല്‍ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ ഭീകരാക്രമണങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്.













