കൊച്ചി: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട എം.എ യൂസഫലിയും ഭാര്യയും അബുദാബിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. അബുദാബി രാജകുടുംബമാണ് വിമാനം അയച്ചത്. യൂസഫ് അലിയുടെ തുടര്‍ചികിത്സ വിദേശത്തായിരിക്കും. അതിനിടെ ഇന്നലെ സഞ്ചരിച്ച ഹെലികോപ്ടര്‍ പനങ്ങാട്ടെ ചതുപ്പില്‍ നിന്നും ഉയര്‍ത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റി.
ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നു ഹെലികോപ്ടര്‍ നീക്കിയത്. ഏകദേശം നാല് മണിക്കൂറോളം നീണ്ട ദൗത്യം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. സ്ഥലത്ത് വലിയ ആള്‍ക്കൂട്ടം ഉള്ളതിനാലാണ് ഹെലികോപ്ടര്‍ ഉയര്‍ത്തുന്ന ദൗത്യം രാത്രിയിലേക്ക് മാറ്റിയത്. പോലീസ് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
മണല്‍ച്ചാക്കുള്‍ ഉപയോഗിച്ച് ആദ്യം ചതുപ്പ് ബലപ്പെടുത്തി. ഒപ്പം ഹെലികോപ്ടറിന്റെ ലീഫുകള്‍ അഴിച്ചു മാറ്റുകയും ചെയ്തു. തുടര്‍ന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ച് ട്രെയിലര്‍ ലോറിയിലേക്ക് മാറ്റുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ ആറ് പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. യന്ത്രത്തകരാര്‍ കാരണമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റ് മൊഴി നല്‍കിയിരുന്നു.
Discussion about this post