ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമായി വ്യാപിക്കുന്നതിനിടെ സംസ്ഥാനങ്ങള്‍ കടുത്ത നടപടികളിലേക്ക്. രോഗബാധ അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. മഹാരാഷ്ട്രയില്‍ രണ്ടാഴ്ചത്തേക്കു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക്ക്ഡൗണിലേക്കു കടക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രിമാര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പ്രതിദിന നിരക്ക് ഇന്നലെ ഒന്നര ലക്ഷം കടന്നതോടെയാണു സംസ്ഥാനങ്ങള്‍ കടുത്ത നടപടിയിലേക്കു കടന്നത്. രണ്ടു ദിവസമായി പതിനായിരത്തിലധികം പ്രതിദിന കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ എല്ലാത്തരം കൂട്ടായ്മകളും നിരോധിച്ചു. വിവാഹം, മൃതസംസ്‌കാരം തുടങ്ങിയവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചു. ബസുകളിലും മെട്രോകളിലും പകുതി സീറ്റില്‍ മാത്രം ആളെ പ്രവേശിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണവും പകുതിയാക്കി. സംസ്ഥാനത്തുള്ള ആശുപത്രികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം തീവ്രപരിചരണം ആവശ്യമുള്ളത്ര രോഗികളുണ്ടായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
Discussion about this post