ന്യൂഡല്‍ഹി : കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടുത്ത വെല്ലുവിളിയാണ് നമുക്ക് മുന്‍പിലുള്ളത്. ധൈര്യവും, മുന്നൊരുക്കങ്ങളും കൊണ്ട് ഇതും നാം മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണ മുന്നണിപ്പോരാളികളുടെ അശ്രാന്ത പരിശ്രമത്തെ അഭിനന്ദിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും കടന്നു പോകുന്ന വേദനയെക്കുറിച്ച് മനസ്സിലാക്കാം. നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഓക്സിജന്റെ ആവശ്യകത വര്‍ദ്ധിക്കുകയാണ്. ആവശ്യമുള്ളവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും, സ്വകാര്യ മേഖലകളും ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ട്. ഇതിനായി നിരവധി നടപടികള്‍ സ്വീകരിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്സിജന്‍ ചികിത്സയ്ക്കായി ഉപയോഗിക്കാം. ആശുപത്രികളില്‍ കൊറോണ രോഗികള്‍ക്കായി കിടക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ചില നഗരങ്ങളില്‍ വലിയ കൊറോണ ആശുപത്രികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
രണ്ട് വാക്സിനുകള്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഇതുവരെ 12 കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. മെയ് 1 മുതല്‍ 18 വയസ്സു പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മതിയായ കാരണമില്ലാതെയും ജോലിക്കല്ലാതെയും കുടുംബാംഗങ്ങള്‍ വീടു വിട്ടിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി കുട്ടികളോട് നിര്‍ദ്ദേശിച്ചു. അത്തരം പിടിവാശികള്‍ ഒരു പക്ഷെ വലിയ മാറ്റമായിരിക്കും വരുത്തുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണില്‍ നിന്ന് രാജ്യത്തെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളും ലോക്ഡൗണ്‍ അവസാന വഴിയായി മാത്രമേ കാണാവൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ പരമാവധി കഠിനാധ്വാനം ചെയ്യണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളിലൂടെ സ്ഥിതി നിയന്ത്രിക്കുന്നതിലാകണം ശ്രദ്ധയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post