ന്യൂഡല്‍ഹി: രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ ശക്തമായ താക്കീതുമായി ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ ‘തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അവരെ വെറുതെ വിടില്ലെന്നും കോടതി വ്യക്തമാക്കി. മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖാ പാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവില്‍ രാജ്യത്ത് കൊറോണ തരംഗമല്ല, സുനാമിയാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കൊറോണ രോഗബാധ ഇപ്പോഴും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടില്ല. മേയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നേക്കാം. എല്ലാവരും നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും രോഗം വരാതിരിക്കാന്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
480 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യ സംവിധാനം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിനിടെ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ഓക്സിജന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുമെന്നും വീടുകളിലും ഓക്സിജന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post