ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്സിന് സൗജന്യമായി നല്‍കുന്നത് തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്ന സംസ്ഥാങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. പുതുക്കിയ വാക്സിന് നയം അനുസരിച്ച് മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് വാക്സിന് നേരിട്ട് വാങ്ങാനും ഡോസിന്റെ അളവിനനുസൃതമായി വില നിശ്ചയിക്കാനും അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഇത് വാക്സിന് എത്തുന്നതിലുള്ള കാലതാമസം കുറയ്ക്കുമെന്ന് ഹര്‍ഷ വര്ദ്ധന് പറഞ്ഞു. വാക്സിന് വിതരണ നയം ഉദാരവല്‍ക്കരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം കൈമാറാനും മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും തങ്ങള്‍ക്ക് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോയതെന്നും ഹര്‍ഷ വര്ദ്ധന് അറിയിച്ചു.
ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ബിഹാര്‍, മഹാരാഷ്ട്ര, അസം, മദ്ധ്യപ്രദേശ്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, സിക്കിം, പശ്ചിമബംഗാള്‍, തെലങ്കാന, എന്നീ സംസ്ഥാനങ്ങള്‍ വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമായ തീരുമാനമാണ്. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന 50 ശതമാനമെന്ന ക്വാട്ടയില്‍ നിന്ന് വാക്സിന് നേരിട്ട് ആര്‍ക്കും നല്‍കില്ല. സംസ്ഥാനങ്ങള്‍ വഴിമാത്രമെ വിതരണം ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post