കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി സമയത്ത് പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പണം വാങ്ങി കബളിപ്പിച്ചതില്‍ താന്‍ തെറ്റുകാരിയല്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ് പണം വാങ്ങിയതെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സരിത വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.
കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്‍ കോവിഡ് ക്വാറന്റൈനിലായതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. മേയ് നാല് വരെ ക്വാറന്റൈനിലാണെന്ന് ബിജു കോടതിയെ അറിയിച്ചു.
ബിജുവിനെതിരായ കേസ് മേയ് നാലിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സരിതയുടെയും ബിജുവിന്റെയും ഡ്രൈവറായിരുന്ന കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.
സോളാര്‍ പാനല്‍ വച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുള്‍ മജീദ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് സരിത കുടുങ്ങിയത്. കേസില്‍ കഴിഞ്ഞ മാസം വിധിപറയാനായിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് സരിതയ്ക്ക് വാറണ്ടും അയച്ചു.
എന്നാല്‍ തുടര്‍ച്ചയായി സരിത ഹാജരാകാതിരുന്നു. ഇതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെ കസബ പോലീസ് തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post