തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ അടുത്ത ഞായര്‍ വരെ അടച്ചിടലിന് തുല്യമായ നിയന്ത്രണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കൊറോണ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നാളെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന സാഹചര്യം കണക്കിലെടുത്തും നിയന്ത്രണം ശക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവുക.
അടിയന്തര സേവന മേഖലയിലുള്ള സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തടസമില്ലാതെ പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്രാവിലക്ക് ഉണ്ടാകില്ല. മറ്റ് ഓഫീസുകള്‍ക്കും അത്യാവശ്യം ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തണം. ജീവനക്കാര്‍ യാത്രയ്ക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖ കരുതണം. മെഡിക്കല്‍ സംവിധാനങ്ങള്‍, ഓക്സിജന്‍ എന്നിവ വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാം.
മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടേയും ഉപകരണങ്ങളുടേയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാര്‍ ഇരട്ടമാസ്‌കും കയ്യുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാ സ്ഥാപനങ്ങളും അടക്കണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രാത്രി 9 മണി വരെ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും. ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ്, പെട്രോളിയം പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസമില്ല. ഐടി അനുബന്ധ സ്ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ക്കല്ലാതെ ബാക്കിയെല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ അവധി അനുവദിക്കണം.
ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പത്ത് മണി മുതല്‍ ഒരു മണി വരെ മാത്രം പ്രവേശനം. ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പൊതു-സ്വകാര്യ-ടാക്സി വാഹനങ്ങള്‍ അനുവദിക്കും. ഇങ്ങനെ പോകുന്നവരും യാത്രരേഖ കയ്യില്‍ കരുതണം. വീട്ടുജോലിക്ക് പോകുന്നവരേയും പ്രായമായവരെ ശുശ്രൂഷിക്കാന്‍ എത്തുന്നവരുടേയും യാത്ര തടയില്ല.
Discussion about this post