തിരുവനന്തപുരം: കോവിഡ് രോഗസ്ഥിതി കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ എല്ലാ തലത്തിലും ഇടപെടല്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമേ രോഗം വല്ലാതെ വര്‍ദ്ധിക്കുന്ന ജില്ലകളില്‍ പൂര്‍ണ ലോക് ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
നാലാം തിയതി മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്കാണ് പോകുന്നത്. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടല്‍, റസ്റ്റാറന്റുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ല.
ഓക്‌സിജന്‍, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കള്‍, സാനിറ്റേഷന്‍ വസ്തുക്കള്‍ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ടെലികോം, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം.
ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്യാണം 50, മരണ ചടങ്ങുകള്‍ 20, അധികരിക്കാതിരിക്കാന്‍ കരുതല്‍ വേണം. അതിഥി തൊഴിലാളികള്‍ക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷന്‍, സിവില്‍ സപ്ലൈസ് ഷോപ്പുകള്‍ തുറക്കും.
എല്ലാ ആരാധനാലയങ്ങളിലും 50 എന്ന അര്‍ത്ഥത്തില്‍ ആകരുത്. ചില സ്ഥലങ്ങളില്‍ തീരെ സൗകര്യം ഉണ്ടാകണമെന്നില്ല. വലിയ സൗകര്യമുള്ള സ്ഥലത്താണ് 50. സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളുകളുടെ എണ്ണവും കുറക്കണം.
രാജ്യത്തെ കോവിഡ് വ്യാപനം അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണ സംഖ്യ 3500-നു മുകളില്‍ എത്തിയിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം കേസുകള്‍ എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും കേസുകള്‍ കൂടി വരുന്ന സാഹചര്യം തന്നെയാണുള്ളത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീനും, പ്രൊസീഡിങ്ങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസും നടത്തിയ പഠനഫലങ്ങള്‍ ഈ ഘട്ടത്തില്‍ നമ്മള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്‌കുകളുടെ ഉപയോഗം കര്‍ക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവര്‍ കണ്ടെത്തി. മാസ്‌കുകളുടെ ശാസ്ത്രീയമായ ഉപയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ് ഉപയോഗിക്കുന്നത് പ്രധാനമാണ്. ഡബിള്‍ മാസ്‌കിങ്ങ് ചെയ്യുക എന്നാല്‍ രണ്ടു തുണി മാസ്‌കുകള്‍ ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചതിനു ശേഷം അതിനു മുകളില്‍ തുണി മാസ്‌ക് വെക്കുകയാണ് വേണ്ടത്. ഈ തരത്തില്‍ മാസ്‌കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ സാധിക്കും.
മാസ്‌കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം. സിനിമാ സാംസ്‌കാരിക മേഖകളിലെ പ്രമുഖരും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാര•ാരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ തുറകളിലുള്ളവരും മാസ്‌കുകള്‍ ധരിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ഇടപെടണം. ഓഫീസ് ഇടങ്ങളില്‍ പലപ്പോളും ഇത്തരം ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്‌കുകള്‍ ധരിക്കുന്നതില്‍ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലിസ്ഥലങ്ങളില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.
ഭീതിയ്ക്ക് കീഴ്‌പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. വാസ്തവവിരുദ്ധവും അതിശയോക്തി കലര്‍ത്തിയതും ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതുപോലൊരു ഘട്ടത്തില്‍ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ല. കേസുകള്‍ കൂടിവരുന്ന ഇടങ്ങളില്‍ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതില്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആകാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി/ ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ കലക്ടര്‍ (ജില്ലാ മജിട്രേറ്റ്) എന്നിവര്‍ക്കു മാത്രമാണ് ഈ ഉത്തരവുകള്‍ അതത് സാഹചര്യങ്ങളില്‍ ഇറക്കാനുള്ള അധികാരങ്ങള്‍ ഉള്ളത്.
കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. ആരോഗ്യമേഖലയിലെ സൗകര്യങ്ങളെക്കുറിച്ച് അറിയാനോ സേവനങ്ങള്‍ ലഭിക്കാനോ വേണ്ടി ജനങ്ങള്‍ അതാതു ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം സപ്പോര്‍ട്ട് യൂണിറ്റുകളിലെ (ഡി.പി.എം.എസ്.യു) കോള്‍ സെന്റര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post