ചെന്നൈ: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ തമിഴ്നാട്ടില്‍ പലയിടത്തും കൊറോണ വിലക്കുകള്‍ മറികടന്ന് ആഘോഷം. പാര്‍ട്ടിക്ക് ലീഡ് ലഭിച്ച ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന് മുന്‍പില്‍ അണികള്‍ വിലക്ക് ലംഘിച്ച് ആഘോഷം തുടങ്ങിയത്.
തമിഴ്നാട്ടിലെ പതിവ് രീതി പോലെ പാട്ടും നൃത്തവും പടക്കം പൊട്ടിക്കലുമൊക്കെയായിട്ടാണ് ആഘോഷം നടക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. മാസ്‌ക് പോലും ധരിക്കാതെയാണ് കുട്ടികളും സ്ത്രീകളും അടക്കമുളളവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. ഏതാണ്ട് അന്‍പതോളം പേരാണ് പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ വിലക്കുകള്‍ ലംഘിച്ച് തടച്ചുകൂടിയത്. പ്രാദേശിക നേതാക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഫലപ്രഖ്യാപനത്തില്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ഉള്‍പ്പെടെയുളള ഡിഎംകെ നേതാക്കള്‍ മുന്നേറുന്നതായ വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു ഡിഎംകെ അണികള്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലേക്ക് എത്തിയത്. ഡിഎംകെ സംസ്ഥാനത്ത് ഭരണം പിടിക്കുന്നതിന്റെ സൂചനകളാണ് ലഭ്യമാകുന്നത്.
Discussion about this post