തിരുവനന്തപുരം: പ്രശസ്ത സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന പണ്ഡിതരത്‌നം പ്രൊഫ.ആര്‍.വാസുദേവന്‍ പോറ്റി(92) നിര്യാതനായി. സംസ്‌കാരം വൈകുന്നേരം 4.30ന് പുത്തന്‍കോട്ട രുദ്രഭൂമിയില്‍ നടക്കും.
കര്‍ണാടകയിലെ മംഗലാപുരത്തിനടുത്ത് കൊക്കടയിലാണ് അദ്ദേഹം ജനിച്ചത്. പഠിച്ചതും വളര്‍ന്നതും കേരളത്തിലായിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ നിന്നും മഹാമഹോപാദ്ധ്യായ ബിരുദം നേടിയ ശേഷം സംസ്‌കൃത വ്യാകരണത്തിലും ഹിന്ദിയിലും എം എ ബിരുദം കരസ്ഥമാക്കി. വിവിധ കോളേജുകളില്‍ സംസ്‌കൃതം വേദാന്തം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വേദാന്തവിഭാഗം പ്രൊഫസര്‍, ഫാക്കല്‍റ്റി ഡീന്‍, വര്‍ക്കല ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ വേദാന്തം പ്രൊഫസര്‍, ആലുവാ ചിന്മയാ ഇന്റര്‍നാഷണല്‍ സെന്ററിലെ ഓണററി വിസിറ്റിംഗ് പ്രൊഫസര്‍ യു.ജി.സിയുടെ വിവിധ അക്കാദമിക്ക് സ്റ്റാഫ് കോളേജുകളിലെ വിസിറ്റിംഗ് ഫാക്കല്‍റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കൃതത്തിലെ വ്യാകരണ വേദാന്ത വിഭാഗങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം വ്യാഖ്യാനം തയ്യാറാക്കിയിട്ടുണ്ട്. സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിലും സ്‌കൂള്‍ പാഠപുസ്തക സമിതിയിലും പ്രവര്‍ത്തിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സംസ്‌കൃത ഉപദേശക സമിതിയിലും അംഗമായിരുന്നു. ന്യൂഡല്‍ഹി, രാജസ്ഥാന്‍, തിരുപ്പതി സര്‍വ്വകലാശാലകളില്‍ അതിഥി അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളം എന്‍സൈക്ലോപീഡിയ നിഘണ്ടുവിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു.
ഗുരുപവന പുരേശസ്തവ വ്യാഖ്യാനം, ഭോജപ്രബന്ധ പരിഭാഷ, ലഘുസിദ്ധാന്ത കൗമുദി പരിഭാഷ തുടങ്ങിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഓണററി ഡി.ലിറ്റ്, വേദാന്ത മെഡല്‍ (തൃപ്പൂണിത്തുറ), പട്ടാമ്പിയില്‍ നിന്ന് ശാസ്ത്രരത്‌ന മെഡല്‍, പണ്ഡിതരത്‌നം, മാതാ അമൃതാനന്ദമയി മഠം വക അമൃതകീര്‍ത്തി തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്.
പ്രൊഫ.ആര്‍.വാസുദേവന്‍ പോറ്റിയുടെ വിയോഗത്തിലൂടെ സംസ്‌കൃത ഭാഷയുടെ സമസ്ത മേഖലയിലും അഗാധമായ അറിവുണ്ടായിരുന്ന ആചാര്യനെ നഷ്ടമായെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Discussion about this post