പത്തനംതിട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടന്‍ പിടിയിലായി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടന്‍ പിടിയിലായത്. ഏപ്രില്‍ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
ട്രെയിനില്‍ വച്ച് ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ബാബുക്കുട്ടന്റെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം കേസന്വേഷിക്കുന്ന റെയില്‍വേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടന്റെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഡിവൈഎസ്പിമാര്‍ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.
വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടന്‍. മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണും ഉപയോഗിക്കുന്നില്ല. ഇതുമൂലം ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകളുള്ളത്. ട്രെയിനില്‍ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തില്‍ കൊല്ലം റെയില്‍വേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
Discussion about this post