തിരുവല്ല: മാര്‍ത്തോമാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത(103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.
വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ചുവെന്ന വാര്‍ത്തകള്‍ വന്നെങ്കിലും അടുത്ത ദിവസം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു. സ്വതസിദ്ധമായ നര്‍മ്മവാസന കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച മാര്‍ ക്രിസോസ്റ്റം ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന വ്യക്തി കൂടിയാണ്. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതിലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
1918 ഏപ്രില്‍ 27ന് മാര്‍ത്തോമാ സഭ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനനം. പത്തനംതിട്ട ജില്ലയിലെ മാരാമണ്‍, കോഴഞ്ചേരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളജില്‍ നിന്നും ബിരുദം നേടി. 1940ല്‍ അങ്കോല ആശ്രമത്തില്‍ ചേര്‍ന്നു. ബംഗലൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ പഠനത്തിനുശേഷം 1944 ജൂണ്‍ 3ന് വൈദികനായി. 1953 ല്‍ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി.
1962ല്‍ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിരീക്ഷകനായിരുന്നു. 1978 ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമാ സഭാ മെത്രാപ്പൊലീത്തയായി. 2007 ഒക്ടോബര്‍ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ വിപുലമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
Discussion about this post