ന്യൂഡല്‍ഹി: കോവിഡ് സംശയിക്കുന്നവരെയും കോവിഡ് ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കാമെന്നും അതിന് രോഗം സ്ഥിരീകരിച്ചുള്ള പരിശോധനാഫലം നിര്‍ബന്ധമല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം.
കോവിഡ് കെയര്‍ സെന്റര്‍, കോവിഡ് ഹെല്‍ത്ത് സെന്റര്‍, കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ചികിത്സ തേടാം. ആശുപത്രി ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഒരു കാരണവശാലും പ്രവേശനം നിഷേധിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.
രോഗി മറ്റേതെങ്കിലും നഗരത്തില്‍ നിന്നാണെങ്കിലും ഓക്‌സിജനും മരുന്നും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉറപ്പാക്കണം.
ആശുപത്രിയുടെ പരിധിയിലെ താമസക്കാരനാണെന്ന തിരിച്ചറിയല്‍ രേഖയില്ലെന്ന കാരണത്താലും ഒരു രോഗിയെയും അഡ്മിറ്റ് ചെയ്യാതിരിക്കരുത്. അതേസമയം ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവരെ പ്രവേശിപ്പിക്കരുത്. കേന്ദ്രത്തിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകരമായിരിക്കണം ഡിസ്ചാര്‍ജ്ജ് ചെയ്യേണ്ടത്. പുതിയ മാര്‍ഗനിര്‍ദേശം മൂന്നു ദിവസത്തിനകം നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാനും ചീഫ്‌സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രോഗികള്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാനാണ് പുതിയ മാര്‍ഗനിര്‍ദ്ദേശമെന്നും കേന്ദ്രം വ്യക്തമാക്കി.
Discussion about this post