തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് ആദ്യ ഘട്ട വ്യാപന സമയത്ത് സജീവമായിരുന്ന വാര്‍ഡുതല സമിതികള്‍ വീണ്ടും ശക്തിപ്പെടുത്തി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആംബുലന്‍സ് ഇല്ലെങ്കില്‍ പകരം സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡുതല സമിതികള്‍ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പോരാളികളാണെന്നും ഇവരുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്സി മീറ്ററെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് പൂള്‍ തയ്യാറാക്കണം. വയോജനങ്ങളുടെയും രോഗികളുടെയും പട്ടിക തയ്യാറാക്കണം. സന്നദ്ധ പ്രവര്‍ത്തകരെയും ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സന്നദ്ധ സേന ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആംബുലന്‍സുകള്‍ക്ക് പുറമേ മറ്റ് വാഹനങ്ങളും അടങ്ങിയ ഗതാഗത പ്‌ളാനുണ്ടാകണം.
ഓരോ വാര്‍ഡിലും ആവശ്യമായ മരുന്നുകള്‍ കരുതണം, കിട്ടാത്തവ എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടാല്‍ അക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തണം.
സംസ്ഥാനത്ത് ഒരാള്‍ക്ക് പോലും ഭക്ഷണമോ ചികിത്സയോ കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്. പഞ്ചായത്ത്, നഗരസഭാ അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ കോര്‍ ടീം രൂപീകരിക്കണം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വാര്‍ഡ്തല സമിതികള്‍ ഇടപെടലുണ്ടാകണം.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട കോവിഡ് മുന്‍കരുതലുകളെ കുറിച്ച് ബോധവല്‍ക്കരണം വാര്‍ഡ് തല സമിതി ഏറ്റെടുക്കണം. ഇത് സമൂഹമാദ്ധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post