തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനുളള നീക്കം ആരംഭിച്ചു. അതത് ജീവനക്കാരുടെ വകുപ്പുതലവന്മാരെ അറിയിച്ചശേഷം തദ്ദേശസ്ഥാപന മേധാവികള്‍ ഇവര്‍ക്ക് കൊവിഡ് ജോലി നല്‍കും. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ താമസിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരേയും അദ്ധ്യാപകരേയും കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കാനാണ് നിലവിലെ തീരുമാനം.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില 25 ശതമാനമായി ചുരുക്കിയതോടെ ഒട്ടുമിക്ക ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ആള്‍ ക്ഷാമമുള്ളതിനാലാണ് ഇത്തരത്തിലുളള സര്‍ക്കാര്‍ തീരുമാനം.
ആദ്യം തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളവരെയോ ആണ് പരിഗണിക്കുക. തുടര്‍ന്ന് മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും അദ്ധ്യാപകരേയും അവരുടെ തദ്ദേശ സ്ഥാപന പരിധിക്കുള്ളില്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയ ചുമതല നല്‍കും. എല്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ഉത്തരവ് പ്രകാരം ആര്‍ക്കും കൊവിഡ് ഡ്യുട്ടിയില്‍നിന്ന് ഒഴിവാകാനാവില്ല.
ലോക്ക്ഡൗണ്‍ കാരണം അന്തര്‍ജില്ലാ യാത്ര തടസപ്പെട്ടതിനാല്‍ ജോലിക്കെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരേയും അധ്യാപകരേയും അതത് കളക്ടര്‍മാര്‍ക്കുകീഴില്‍ കൊവിഡ് ജോലിക്ക് നിയോഗിക്കും.
ഇവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പറുകള്‍, തസ്തിക എന്നിവ വകുപ്പ്/ഓഫീസ് മേധാവികള്‍ ജീവനക്കാരുടെ സ്വന്തം ജില്ലയുടെ ചുമതലയുള്ള കളക്ടര്‍മാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രശ്നമുള്ളവരെ ഒഴിവാക്കുമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
Discussion about this post