ഇടുക്കി: ഇസ്രയേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സഡ്ക. സൗമ്യയുടെ വീട് സന്ദര്‍ശിച്ച് ആദരാഞ്ജലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. ഇസ്രയേല്‍ ജനത അവരെ മാലാഖയായി കാണുന്നു. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും ജോനാഥന്‍ സഡ്ക പറഞ്ഞു. സൗമ്യയുടെ മകന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം നല്‍കി.
സൗമ്യയുടെ സംസ്‌കാരം ഇന്ന് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
സൗമ്യ ഹോം നഴ്‌സായി ജോലിചെയ്യുന്ന ഇസ്രയേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ ചൊവ്വാഴ്ച റോക്കറ്റ് പതിക്കുകയായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കവേയാണ് റോക്കറ്റ് പതിച്ച് സൗമ്യ കൊല്ലപ്പെട്ടത്. 2017ലാണ് അവസാനമായി നാട്ടില്‍ വന്നത്.
Discussion about this post