തിരുവനന്തപുരം: ന്യൂനമര്‍ദം ശക്തിയായതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടു പേര്‍ മുങ്ങി മരിച്ചു. പെരിയാറില്‍ ഒരാളെ കാണാതായി. ആലപ്പുഴയില്‍ കുട്ടനാട് തലവടി വാടായ്ക്കകം പാടശേഖരത്തില്‍ മടവീണു. വിവിധ ജില്ലകളിലായി കടലാക്രമണത്തില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നു. തീരദേശത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ മുസോടി കടപ്പുറത്ത് കടലാക്രമണത്തില്‍ ഇരുനില വീട് പൂര്‍ണമായി ഇടിഞ്ഞുവീണു. തിരമാല ഉയര്‍ന്നതിനെത്തുടര്‍ന്ന് ചെല്ലാനം, വൈപ്പിന്‍ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. ശക്തമായ തിരയടിയേറ്റ് തിരുവനന്തപുരത്ത് വലിയതുറ കടല്‍പ്പാലം ചരിഞ്ഞു. കേരളം, ലക്ഷദ്വീപ് കപ്പല്‍ സര്‍വീസ് നിര്‍ത്തിവച്ചു. കണ്ണൂര്‍ തലായില്‍ മത്സ്യബന്ധനത്തിനു പോയ മൂന്നു പേരെ കാണാതായി.
കനത്ത കാറ്റിലും മഴയിലും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിന് മരങ്ങള്‍ കടപുഴകിവീണു. ലൈനുകളില്‍ മരങ്ങള്‍ വീണു വൈദ്യുതിബന്ധം നിലച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പലയിടത്തും രണ്ടു ദിവസമായി വൈദ്യുതിയില്ല.
ഇടുക്കി ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ ഇന്നു രാവിലെ എഴുവരെ യാത്രാനിരോധനം ഏര്‍പ്പെടുത്തി. അടിമാലി- മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. അടിമാലി കല്ലാര്‍കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്ത് 71 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു. ക്യാന്പുകളില്‍ 543 കുടുംബങ്ങളിലെ 2,094 പേര്‍ കഴിയുന്നു. ടൗട്ടെ ചുഴലിക്കാറ്റ് കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെ കടലിലൂടെ നീങ്ങുന്നതിനാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
Discussion about this post