കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കി കോല്‍ക്കത്ത ഹൈക്കോടതി. നാലുപേര്‍ക്കും ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു ഹൈക്കോടതി നടപടി.
നാരദ ന്യൂസ് സംഘത്തില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കിം, സുബ്രദാ മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ തിങ്കളാഴ്ച രാവിലെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
ഇതിനു പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫീസിനു മുന്‍പിലെത്തി പ്രതിഷേധിച്ചിരുന്നു. മമതയ്ക്കൊപ്പമെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുകയും സിബിഐയുടെ ഓഫീസിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.
തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് സിബിഐ കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചത്. എന്നാല്‍ തിങ്കളാഴ്ച രാത്രി ഹൈക്കോടതി കേസ് അടിയന്തരമായി പരിഗണിച്ചായിരുന്നു ജാമ്യം റദ്ദാക്കിയത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
2014ലാണ് സംസ്ഥാനത്ത് ഏറെ വിവാദമായ സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭവം വന്‍ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.
Discussion about this post