തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി സിപിഎമ്മും സിപിഐയും മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് പട്ടിക ഒരുങ്ങി. സിപിഎമ്മില്‍ പിണറായി വിജയനെ കൂടാതെ കെ. രാധാകൃഷ്ണന്‍ മാത്രമാണ് മുന്പു മന്ത്രിയായിട്ടുള്ളത്.
എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍. ബിന്ദു, വീണ ജോര്‍ജ്, വി. അബ്ദു റഹ്മാന്‍ എന്നിവരാണ് സിപിഎമ്മിന്റെ മന്ത്രിമാര്‍. പി. പ്രസാദ്, ജെ. ചിഞ്ചുറാണി, കെ. രാജന്‍, ജി.ആര്‍. അനില്‍ എന്നിവരെ സിപിഐ മന്ത്രിസഭാംഗങ്ങളായി തെരഞ്ഞെടുത്തു.
എന്‍സിപിയില്‍നിന്ന് എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. സിപിഎമ്മിലെ എം.ബി.രാജേഷ് ആണു നിയമസഭാ സ്പീക്കര്‍. സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും.
പിണറായി വിജയനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി വിപ്പായി കെ.കെ. ശൈലജയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി.പി. രാമകൃഷ്ണനെയും തീരുമാനിച്ചു. ഇതോടെ രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് അവസാനരൂപമായി. വിവിധ ഘടകകക്ഷികളുടെ മന്ത്രിമാരായി റോഷി അഗസ്റ്റിന്‍, ആന്റണി രാജു, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നേരത്തേ തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസ്- എമ്മിലെ ഡോ. എന്‍. ജയരാജിനെ ചീഫ് വിപ്പ് ആയും തീരുമാനിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനു മുന്പായി സംസ്ഥാനത്തുനിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനുള്ള മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്.
ഇന്നലെ രാവിലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണു സിപിഐ മന്ത്രിമാരെ സംബന്ധിച്ചു അന്തിമ തീരുമാനമായത്. എക്‌സിക്യൂട്ടീവിന്റെ തീരുമാനം തുടര്‍ന്നു നടന്ന സംസ്ഥാന കൗണ്‍സിലും അംഗീകരിക്കുകയായിരുന്നു. മന്ത്രി ഇ. ചന്ദ്രശേഖരനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി നിശ്ചയിച്ചു.
1957-ലെ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ. ആര്‍. ഗൗരിയമ്മയ്ക്കുശേഷം സിപിഐയുടെ ആദ്യ വനിതാ മന്ത്രി എന്ന പ്രത്യേകതകൂടി ജെ. ചിഞ്ചുറാണിക്കുണ്ട്.
സിപിഎം-സിപിഐ നേതാക്കള്‍ തമ്മില്‍ ഇന്നു നടക്കുന്ന ആശയവിനിമയത്തിനു ശേഷം മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കും.
Discussion about this post