മുംബൈ:ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജിലെ 22 പേര്‍ മരിച്ചതായി സ്ഥിരീകരണം. ബാര്‍ജ് പപ്പ -305 എന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ 48 മണിക്കൂറായി ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് പോയ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളാണ് മൃതദേഹങ്ങള്‍ മുംബൈയിലേക്ക് കൊണ്ടുവന്നത്.
മുംബൈയില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയുള്ള ഹൈ ഫീല്‍ഡ്‌സിന് സമീപമാണ് ബാര്‍ജ് മുങ്ങിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും 22 പേരുടെ മരണം സ്ഥിരീകരിച്ചതായും വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് അറിയിച്ചു.
ഐഎന്‍എസ് കൊച്ചിയാണ് മൃതദേഹങ്ങള്‍ മുംബൈ തുറമുഖത്തേക്ക് കൊണ്ടുവന്നത്. ബാര്‍ജിലുണ്ടായിരുന്ന നിരവധി പേരെ നാവികസേന രക്ഷപ്പെടുത്തി. 261 പേരാണ് ബാര്‍ജിലുണ്ടായിരുന്നത്. 188 പേരെ നാവികസേന രക്ഷപ്പെടുത്തിയതായും സ്ഥിരീകരിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമുണ്ട്. ഇതിനിടയില്‍ കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ട മറ്റു കപ്പലുകളിലും നാവികസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കാണാതായവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post