തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ വേറിട്ട തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് മുന്നേറാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് മുന്നോട്ടുള്ള ഭരണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം പിണറായി വിജയന്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനമായിരുന്നു ഇത്. കേരള വികസനത്തിന്റെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച് നിര്‍ത്താനുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പരിശ്രമിച്ചത്.
കാര്‍ഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉല്‍പ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.
കിഫ്ബി തുടങ്ങിയവ കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി. ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോര്‍ട്ടായി ജനത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായി. പൊതുമേഖലയെ നഷ്ടത്തില്‍ നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരികെ കൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാതാ, വൈദ്യുതി പ്രസരണ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി.
കെ-ഫോണ്‍ പോലെ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോയി. സ്റ്റാര്‍ട്ടപ്പ് രംഗത്ത് കുതിപ്പുണ്ടാക്കി. ഓഖിയും നിപ്പയും വിഷമിപ്പിച്ചു. ഏറ്റവും വിഷമം അനുഭവിക്കുന്നവരടക്കം ഒന്നുചേര്‍ന്നാണ് പ്രളയത്തെ അതിജീവിച്ചത്.
പിന്നീടാണ് കോവിഡ് വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ജനജീവിതം ലോക്ക്ഡൗണില്‍ താളം തെറ്റു. അത് മറികടക്കാനുള്ള സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കുന്ന പദ്ധതികള്‍ ആദ്യം കേരളം നടപ്പാക്കി. 20,000 കോടിയുടെ പാക്കേജിനും തുടര്‍ന്ന് നാട്ടിലെ ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ പരിഹരിക്കാനായി.
മതനിരപേക്ഷതയിലും നവോഥാന മൂല്യങ്ങളിലും ഉറച്ചുനില്‍ക്കുന്ന പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു. സിഎഎ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായെന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടമാണ്.
പ്രകടന പത്രികയിലെ 600 ല്‍ 580 ഉം നേടിയത് പ്രതിസന്ധി മറികടന്നാണ്. ഈ നേട്ടങ്ങളെ തമസ്‌കരിക്കാന്‍ പലതും നടന്നു. ജനത്തിന് താത്പര്യം അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ്. അനാവശ്യ സംഘര്‍ഷമല്ല, സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ജനം എന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓര്‍മ്മിപ്പിക്കുന്നു. അതിനെ മറികടക്കാന്‍ ജാതി-മത വികാരം വലിയ തോതില്‍ കുത്തിപ്പൊക്കിയാല്‍ അതിനോടൊപ്പം നില്‍ക്കാന്‍ ജനം തയാറാകില്ല
മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിളിക്കാന്‍ കാരണമായത് അവര്‍ കാണിച്ച ത്യാഗപൂര്‍ണമായ രക്ഷാദൗത്യമാണ്. ജനം ജാഗ്രതയോടെ പ്രതികരിച്ചിരുന്നില്ലെങ്കില്‍ നിപ്പയെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ വന്‍കിട പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനും ജനം പൂര്‍ണ പിന്തുണ നല്‍കി.
കോവിഡ് കാലത്ത് കേരളം വേറിട്ടുനില്‍ക്കുന്നത് പ്രതിരോധം ജന പങ്കാളിത്തമുള്ള പ്രക്രിയയായി മാറ്റിയെടുത്തത് കൊണ്ടാണ്. ജനത്തിന്റെ പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്ത്. ജനത്തിനൊപ്പമാണ് ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കര്‍മ്മ പദ്ധതിയാണ് എല്‍ഡിഎഫ് വിഭാവനം ചെയ്തത്. 50 ഇന പ്രധാന പരിപാടികളും 900 അനുബന്ധ വാഗ്ദാനങ്ങളുമാണ് മുന്നോട്ട് വെച്ചത്. അവര്‍ പൂര്‍ണമായി നടപ്പാക്കി മുന്നോട്ട് പോകും.
സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്ത്രീസുരക്ഷ, എന്നിവയെ കൂടുതല്‍ ശാക്തീകരിക്കാന്‍ നടപടിയെടുക്കും. സമ്പദ് ഘടനയിലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും. ശാസ്ത്രം ഐടി, നൈപുണ്യവിദ്യ എന്നിവയെ പ്രയോജനപ്പെടുത്തി നൂതന വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെ മെച്ചപ്പെടുത്തും.
സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച് വര്‍ഷം കൊണ്ട് ഇല്ലാതാക്കും. ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി അവരെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരും. ആധുനികവും മികച്ച തൊഴില്‍ ശേഷിയുമുള്ള സമ്പദ് ഘടനയുണ്ടാക്കും.
25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തും. തൊഴിലവസരം കൂടുതല്‍ ഉറപ്പാക്കും.
ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീര്‍ത്തട പദ്ധതി എന്നിവ ആവിഷ്‌കരിച്ച് ആസൂത്രണം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികള്‍ ഒരുക്കും. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും.
കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകളാക്കി അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളാകെ പരിഷ്‌കരിക്കും.
2025 ഓടെ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. മാംസം, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ കൃത്യമായ ലക്ഷ്യം വച്ച് മുന്നേറും.
ഐടി വകുപ്പ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഐടി വ്യവസായം എന്നിവ വഴി കേരളത്തില്‍ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ തൊഴില്‍ ചെയ്യാനോ ആഗ്രഹിക്കുന്നവരെ തമ്മില്‍ ബന്ധിപ്പിക്കും. ഐടി വിദ്യാര്‍ഥികളെ പഠിപ്പിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ഉപയോഗിക്കാവുന്ന മാര്‍ഗരേഖ ആറ് മാസത്തിനുള്ളില്‍ തയാറാക്കും.
ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വികസിപ്പിക്കാന്‍ അന്തര്‍ സര്‍വകലാശാല സംഘങ്ങളെ ചുമതലപ്പെടുത്തും. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കും.
പുതിയ സാധ്യത ഉയര്‍ന്നുവരുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെയും ശേഷി വികസനത്തിന് ശ്രമിക്കും. തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ പ്രാപ്യത വര്‍ധിപ്പിക്കും.
വരുന്ന അഞ്ച് വര്‍ഷം കൊണ്ട് മാലിന്യ രഹിത കേരളം നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post