
ബാംഗ്ലൂര്‍: പ്രതിസന്ധികള്‍ പിന്നിട്ട് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സദാനന്ദ ഗൗഡ എം.പിയെ ബി.ജെ.പി. നിയമസഭാകക്ഷിയോഗം തിരഞ്ഞെടുത്തു. രഹസ്യ ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പോടെയാണ് യെദ്യൂരപ്പയുടെ നോമിനിയായ സദാനന്ദ ഗൗഡയെ തീരുമാനിച്ചത്. ജഗദീഷ് ഷെട്ടാര്‍ ഉപമുഖ്യമന്ത്രിയാകും. യെദ്യൂരപ്പഅനന്തകുമാര്‍ ഗ്രൂപ്പുകളെ യോജിപ്പിച്ചുകൊണ്ടുപോകാന്‍ 58കാരനായ ഗൗഡയ്ക്ക് കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഷെട്ടാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം നിരസിച്ചതായും വാര്‍ത്തയുണ്ട്. 52 പേര്‍ ഗൗഡയ്ക്ക് എതിരായും 68 പേര്‍ അനുകൂലമായും വോട്ട് ചെയ്തു.
അതേസമയം ഖനന അഴിമതിക്കേസില്‍ യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോകായുക്താ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുന്നത്. മൈനിങ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ അഴിമതി നടത്തിയെന്നാണ് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെടുക്കാന്‍ ലോകായുക്ത പോലീസിന് ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് ഉത്തരവ് നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരമായിരിക്കും നടപടികളെടുക്കുക.
എ.ബി.വി.പിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഗൗഡ ബി.ജെ.പിയുടെ ദക്ഷിണ കര്‍ണാടകയിലെ പ്രമുഖ നേതാവും ഉഡുപ്പി ചിക്കമംഗളൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഇപ്പോള്‍ ബി.ജെ.പി. ദേശീയ സെക്രട്ടറിയായ അദ്ദേഹം 1994 മുതല്‍ 2004 വരെ കര്‍ണാടക നിയമസഭാംഗമായിരുന്നു. നിരവധി സര്‍ക്കാര്‍ സമിതികളിലും അംഗമായിരുന്നിട്ടുണ്ട്. 99 മുതല്‍ 2004 വരെ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 ല്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി. 20042006 കാലയളവിലും നിലവിലും ലോക്‌സഭാംഗമാണ്. 70 എം.എല്‍.എ മാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന യെദ്യൂരപ്പ തന്നെയാണ് സദാനന്ദ ഗൗഡയുടെ പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചത്.
Discussion about this post