തിരുവനന്തപുരം: മുഖ്യമന്ത്രി ഏല്‍പ്പിച്ച സുപ്രധാന വകുപ്പുകളെ മികച്ച രീതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് സാഹചര്യത്തില്‍ ഉത്തരവാദിത്തം വലുതാണ്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തുവച്ച നല്ല കാര്യങ്ങള്‍ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികള്‍ക്ക് റിവിഷന്‍ ക്ലാസ് ഓണ്‍ലൈനായി നല്‍കുന്ന കാര്യം ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളുടെ കുറവുകളെ കുറിച്ച് ഡി ഡി ഇമാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂളുകള്‍ക്ക് കെട്ടിടം മാത്രം കെട്ടിയിട്ടത് കൊണ്ട് കാര്യമില്ല. പ്രയോജനപ്പെടുന്ന നിലയില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് വേണ്ടത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി തീരുമാനങ്ങള്‍ നടപ്പാക്കും. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് തനിക്ക് അറിയാം. പ്രായോഗിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഇതൊക്കെ മനസിലാക്കിയതാണ്. വിദ്യാര്‍ത്ഥികളുടെയും കുടുംബത്തിന്റേയും അദ്ധ്യാപകരുടേയും മാനസികാവസ്ഥ വ്യക്തമായി അറിയാം. വിദ്യാഭ്യാസ മന്ത്രിയെന്ന പദവി ഏറ്റെടുക്കുമ്പോള്‍ ആവേശമാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post