ന്യൂഡല്‍ഹി: ഐ.ടി.നിയമത്തിലെ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം കടുക്കുന്നു. രാജ്യസുരക്ഷയില്‍ ഒരു തരത്തിലുള്ള ഇളവുകള്‍ക്കും തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ ഇന്ന് തന്നെ സമൂഹമാധ്യമങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാറിനായി അറ്റോര്‍ണി ജനറല്‍ നേരിട്ട് ഹാജരാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. പലതവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടമേതെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ സമൂഹമാദ്ധ്യമങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടത്തില്‍ പറയുന്നത്.
ഇത് വലിയ ബാദ്ധ്യതയും സാങ്കേതികമായി ഏറെ സങ്കീര്‍ണ്ണതയും നിറഞ്ഞതാണെന്നാണ് സമൂഹമാദ്ധ്യമങ്ങള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. അതേസമയം ഐ.ടി വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അതാത് സമയം കൈമാറാന്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ വര്‍ഷം ആദ്യമാണ് ഐ.ടി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. രാജ്യവിരുദ്ധ പ്രക്ഷോഭങ്ങള്‍, ടൂള്‍ കിറ്റ് വിവാദം അടക്കമുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് നിയമം കര്‍ശനമാക്കിയത്. ഇന്ത്യയിലെ സ്വകാര്യത സംരക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് ദേശീയ സുരക്ഷാ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അറിയിച്ചിട്ടുണ്ട്. ദേശവിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതിനെ സമൂഹമാദ്ധ്യമങ്ങള്‍ നിയന്ത്രിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ച.
Discussion about this post